Sunday, October 15, 2006

വാസ്‌തുവിന്‌ ഒരാമുഖം

ശില്‌പവിദ്യയുടെ ശാസ്‌ത്രമാണ്‌ വാസ്‌തു! അതിന്‌ വേദകാലത്തോളം
പഴക്കമുണ്ട്‌. വാസ്‌തു എന്ന സംസ്‌കൃത പദത്തിന്‌ പാര്‍പ്പിടം എന്നാണ്‌
അര്‍ത്ഥം. 'അപൗരുഷേയം' (മനുഷ്യനിര്‍മ്മിതമല്ലാത്തത്‌) എന്നു
പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ്‌ വാസ്‌തു. അഥര്‍വവേദത്തിന്റെ ഒരു
ഉപവേദമാണ്‌ വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്‌.
പൗരാണിക ശില്‌പവിദ്യയെ സംബന്ധിക്കുന്ന ഒരു മഹത്ഗ്രന്ഥമായ
'മാനസാരം' വാസ്‌തുവിനെ ധര(ഭൂമി) ഹര്‍മ്മ്യം(കെട്ടിടം) യാനം(വാഹനം)
പര്യങ്കം(കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
അടിസ്ഥാനപരമായി വടക്ക്‌ കിഴക്ക്‌ തെക്ക്‌ പടിഞ്ഞാറ്‌ എന്നീ നാലു
ദിശകളില്‍ നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജത്തെയും വാസ്‌തുശാസ്‌ത്രം
പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊര്‍ജ്ജങ്ങളെയും മനുഷ്യനിലും
അവന്റെ ചുറ്റുപാടുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജത്തെയും തമ്മില്‍
ബന്ധപ്പെടുത്തിയാണ്‌ വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. സൗരോര്‍ജ്ജം,
വൈദ്യുതി കാന്തികം ഗുരുത്വാകര്‍ഷണം എന്നീവ കൂടാതെ ആധുനിക
മനുഷ്യന്‌ അജ്ഞാതമായ മറ്റ്‌ ഊര്‍ജ്ജങ്ങളെയും വാസ്‌തു പരിഗണിക്കുന്നുണ്ട്‌.
രാമായണമഹാഭാരത കാലഘട്ടങ്ങള്‍ക്കു മുന്‍പുതന്നെ വാസ്‌തു
പ്രാബല്യത്തില്‍ ഉണ്ടായിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചറിയാന്‍
സാധിക്കും. വാസ്‌തുവിന്റെ അടിസ്ഥാനത്തില്‍ പണികഴിപ്പിച്ച
കെട്ടിടങ്ങളെക്കുറിച്ച്‌ ബുദ്ധമതഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്‌. ബുദ്ധഗോഷിന്റെ
വ്യാഖ്യാനത്തോടെയുള്ള 'ചുള്ളവാഗ്ഗാ' എന്ന കൃതിയില്‍
ശില്‌പവിദ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉണ്ടെന്ന് പറയപെടുന്നു.
കാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകര്‍ച്ച,
ശില്‌പവിദ്യ വാല്‍നക്ഷത്രങ്ങള്‍ തുടങ്ങി പ്രകൃതിയിലെ പല
പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹത്ഗ്രന്ഥമാണ്‌ 'ബ്രഹത്‌
സംഹിത' എ.ഡി, ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജ്യോതിശാസ്‌ത്രജ്ഞനും
ഗണിതശാസ്‌ത്രജ്ഞനുമായ വരാഹമിഹരനാണ്‌ ഇതിന്റെ രചയിതാവ്‌.
പാര്‍പ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ പ്രതിപാദിക്കുന്ന
സില അധ്യായങ്ങള്‍ ഇതിലുണ്ട്‌.
വേദങ്ങള്‍ക്കു പുറമേ പല ആഗമങ്ങളിലും ശില്‌പവിദ്യാപരമായ
വിവരങ്ങള്‍ ഉണ്ട്‌. കാമികാഗമം, കര്‍ണാഗമം, സുപ്രഭേദാഗമം,
വൈഖാനസാഗമം, അംശുമദ്ഭേദാഗമമെന്നിവയാണ്‌ ഇതില്‍ പ്രധാനപ്പെട്ടത്‌.
കിരണതന്ത്രം, ഹയര്‍ശീര്‍ഷതന്ത്രം മുതലായ ചില താന്ത്രിക
ഗ്രന്ഥങ്ങളിലും കൗടില്യന്റെ അര്‍ത്ഥശാസ്‌ത്രം ശുക്രനീതി എന്നീ
കൃതികളിലും ശില്‌പകലയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്‌.
പാര്‍പ്പിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന കൃതികളാണ്‌
മാനസാരം, മയന്‍ രചിച്ച മയാമതം, ഭോഗരാജാവ്‌ രചിച്ച
സമരഞ്ജനസൂത്രധാരം, വരാഹമിഹരന്റെ വിശ്വകര്‍മ്മ പ്രകാശം ശില്‌പരത്നം,
അപരാജിതപ്രച്ഛ, മനുഷ്യാലയ ചന്ദ്രിക എന്നിവ.
ഇതില്‍ മാനസാരത്തില്‍ വീടുകള്‍ പണിയുന്നതിനെക്കുറിച്ചും വിഗ്രഹങ്ങള്‍
നിര്‍മ്മിക്കുന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്‌.
വാസ്‌തുശാസ്‌ത്രമെന്നാല്‍ മാനസാരമാണ്‌ എന്നുതന്നെ പറയാം. ഇതിന്റെ രചനാകാലം
ക്രിസ്‌തുവിനും ഏതാനും നൂറ്റാണ്ടുകള്‍ മുന്‍പാണെന്ന് കണക്കാക്കിയിരിക്കുന്നു.
അറിയപ്പെടാത്ത കാലത്തെ അജ്ഞാതനായ ഗ്രന്ഥകാരന്‍, മാനങ്ങളുടെ
- അളവുകളുടെ- സാരം കൈകാര്യം ചെയ്യുന്ന ഋഷിമാരുടെ വിഭാഗം
ശില്‌പവിദ്യയെയും വിഗ്രഹനിര്‍മ്മാണത്തെയും സംബന്ധിച്ച രീതികളും
നിയമാവലികളും എന്നിങ്ങനെ മൂന്നുരീതിയില്‍ 'മാനസാരം' എന്ന പദത്തിന്‌
അര്‍ത്ഥം കല്‌പിച്ചിരിക്കുന്നു. 83 അധ്യായങ്ങളാണ്‌ ഈ കൃതിയിലുള്ളത്‌.
അളവുകള്‍ക്ക്‌ മുഖ്യമായും രണ്ട്‌ ഏകകങ്ങളാണ്‌ മാനസാരം
ഉപയോഗിച്ചിരിക്കുന്നത്‌. ശില്‌പവിദ്യയിലെ അളവുകള്‍ക്ക്‌ അംഗുലവും (ഏകദേശം 3 സെന്റീമീറ്റര്‍)
ഹസ്‌തവും (24 അംഗുലം)
വിഗ്രഹനിര്‍മ്മാണത്തിന്‌ താലം (നിവര്‍ത്തിപ്പിടിച്ച പെരുവിരലിന്റെ അറ്റം
മുതല്‍ നടുവിരലിന്റെ അറ്റം വരെയുള്ള നീളം)

വാസ്‌തുശില്‌പികളെ നാലായി തരം തിരിച്ചിട്ടുണ്ട്‌.
മുഖ്യവാസ്‌തുശില്‌പിയെ സ്ഥപതി എന്നുവിളിക്കുന്നു. രൂപകല്‌പന ചെയ്യുന്ന ആള്‍ക്ക്‌
സൂത്രഗ്രാഹി എന്നും പെയിന്റര്‍ക്ക്‌ വര്‍ദ്ധാന്തി എന്നും ആശാരിക്ക്‌
സൂത്രധാരന്‍ എന്നുമാണ്‌ പേര്‌.
മാനസാരത്തില്‍ വാസ്‌തുശില്‌പിയുടെ ചില യോഗ്യതകളെക്കുറിച്ച്‌
പറയുന്നുണ്ട്‌.
1. നൂതനമായ ആശയങ്ങള്‍ ഉണ്ടായിരിക്കണം.
2. വിജ്ഞാനം നേടാനുള്ള കഴിവു വേണം
3. നല്ലൊരു എഴുത്തുകാരന്‍ ആയിരിക്കണം
4. രേഖാനിര്‍മ്മാണ കൗശലം വേണം (ഡ്രാഫ്റ്റ്മാന്‍ഷിപ്പ്‌)
5. പ്രകൃതിയുടെ തത്വങ്ങളും ധര്‍മ്മനീതിയും അറിഞ്ഞിരിക്കണം
6. നിയമശാസ്‌തവും ഭൗതികശാസ്‌ത്രവും അറിഞ്ഞിരിക്കണം
7. ജ്യോതിഷത്തിലും ഗണിതത്തിലും പരിജ്ഞാനം വേണം

മേല്‍പ്പറന്‍ഞ്ഞ ക്ലാസിക്‌ കൃതികളില്‍ പരാമര്‍ശിക്കുന്ന ഒന്നാണ്‌ 'ആയം'
ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ്‌ ആയം എന്ന
സങ്കല്‌പം. അതുകൊണ്ട്‌ നിശ്ചിതമാനദണ്ഡമുപയോഗിച്ചുവേണം കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍.
ആയാദി ഷഡ്‌വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഈ മാനദണ്ഡങ്ങളില്‍
1. ആയം - വര്‍ദ്ധനവ്‌ അഥവാ ലാഭം
2. വ്യയം - കുറവ്‌ അഥവാ നഷ്ടം
3. ഋഷ അഥവാ നക്ഷത്രം
4. യോനി അഥവാ കെട്ടിടത്തിന്റ്‌ ദിശ
5. വാരം അഥവാ സൗരദിനം
6. തിഥി അഥവാ ചന്ദ്രദിനം എന്നിവ ഉള്‍പ്പെടുന്നു.
സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുംവേണ്ടി നമ്മുടെ
പൂര്‍വ്വപിതാക്കന്മാര്‍ ചിട്ടപ്പെടുത്തിയ ഒരു ശാസ്‌ത്രമാണ്‌ വാസ്‌തു. അതിന്‌ ഭൂമിയിലെ
ഊര്‍ജ്ജപ്രസരണവുമായും അത്‌ മനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്നതുമായും
അഭേദ്യമായ ബന്ധമുണ്ട്‌. അത്‌ മനസ്സിലാക്കി ജീവിച്ചാല്‍ ആരോഗ്യകരവും
സമ്പന്നവും സന്തുഷ്ടവുമായ ഒരു ജീവിതം സാധ്യമാകുമെന്ന് വാസ്‌തു ശാസ്ത്രം പറയുന്നു.

2 Comments:

Anonymous Anonymous said...

വാസ്തുസംബന്ധമായി പാര്‍പ്പിടത്തില്‍ വരുന്ന പോസ്റ്റുകള്‍ മാത്രം ഇവിടെ കൊടുത്താല്‍ നന്നായിരിക്കും. ആവശ്യക്കാര്‍ക്ക്‌ ഇവിടെവന്ന് വായിച്ചാല്‍ മതിയല്ലോ?

10/16/2006 7:51 AM  
Anonymous bindu said...

valarey upakarapradam ayirikkunnu.
vasthu lalithamayi, avshyam ulla karyangal mathram eduthu sadharanakkarkku manassilavunna tharathil vishadeekarichathinu eerey nandi

7/18/2007 4:32 AM  

Post a Comment

Subscribe to Post Comments [Atom]

<< Home