Friday, February 16, 2007

വാസ്‌തുപുരുഷന്‍

പുരയിടത്തിന്റെ ബലത്തിനും സന്തോഷത്തിനും കാരകനായ ദേവതയാണ്‌ വാസ്‌തുപുരുഷന്‍. ബൃഹത്സംഹിതയില്‍ വാസ്‌തുപുരുഷനെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു : ഭീമാകാരമായ ഒരു സത്വം അതിന്റെ ഉടലുകൊണ്ട്‌ ആകാശത്തിനും ഭൂമിയ്ക്കും തടസ്സം സൃഷ്ടിച്ചു. ദേവന്മാര്‍ ആ സത്വത്തെ നിലത്തോടു ചേര്‍ത്ത്‌ കമഴ്ത്തിപ്പിടിച്ചു. ഓരോ അവയവത്തെയും പിടിച്ചിരുന്ന ദേവന്മാര്‍ തന്നെ അതാത്‌ അവയവത്തിന്റെ അധിദേവതമാരായി. പുരയിടത്തിന്റെ (വീടിന്റെ) അധിദേവതയായിരിക്കുവാന്‍ ആ സത്വത്തെത്തന്നെ ബ്രഹ്‌മാവ്‌ നിയോഗിച്ചു.
കഥയുടെ മറ്റൊരു രൂപം ഇങ്ങനെയാണ്‌ : അന്ധകനെന്ന അസുരനുമായി പൊരുതിയ ഭഗവാന്‍ ശിവന്റെ വിയര്‍പ്പുതുള്ളി നിലത്തുവീണു. അതില്‍ നിന്നാണ്‌ വാസ്‌തുപുരുഷന്‍ ജനിച്ചത്‌. വിശപ്പു സഹിക്കാനാവാതെ വാസ്‌തുപുരുഷന്‍ കണ്ണില്‍ കണ്ടതിനെയെല്ലാം വിഴുങ്ങാന്‍ തുടങ്ങി. ദേവന്മാര്‍ ബ്രഹ്‌മാവിനോടു പരാതി പറന്‍ഞ്ഞു. അവനെ നിലത്തോടു ചേര്‍ത്ത്‌ അമര്‍ത്തിപ്പിടിക്കാന്‍ ബ്രഹ്‌മാവ്‌ ഉപദേശിച്ചു. 45 ദേവന്മാര്‍ ചേര്‍ന്ന് വാസ്‌തു പുരുഷനെ അമര്‍ത്തിപ്പിടിച്ചു. എല്ലാ പുരയിടങ്ങളുടെയും അധിപതിയും അവിടെ നടക്കുന്ന എല്ലാ പൂജകളുടെയും അവകാശിയും വാസ്‌തുപുരുഷനാണെന്ന് ബ്രഹ്മാവ്‌ അനുഗ്രഹിച്ചു. അതിനുപകരം വീട്ടില്‍ പാര്‍ക്കുന്നവരുടെ ക്ഷേമം വാസ്‌തുപുരുഷന്റെ കുമതലയായി.

വാസ്‌തുപുരുഷന്‌ മൂന്നു സ്ഥാനങ്ങളുള്ളതായി പറയപ്പെടുന്നു
1. നിത്യവാസ്‌തു : വാസ്‌തുപുരുഷന്റെ നോട്ടം ഓരോ ദിവസവും മൂന്നു മണിക്കൂര്‍ ഇടവിട്ട്‌ മാറിക്കൊണ്ടിരിക്കുന്നു.
2. ചരവാസ്‌തു : വാസ്‌തു പുരുഷന്റെ നോട്ടം - സെപ്‌റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തെക്കു ദിക്കിലോട്ടും ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പടിഞ്ഞാറു ദിക്കിലോട്ടും മാര്‍ച്ച്‌ ഏപ്രില്‍ മെയ്‌ ജൂണ്‍ മാസങ്ങളില്‍ വടക്കു ദിക്കിലേക്കും ജൂണ്‍ ജൂലൈ ആഗസ്റ്റ്‌ മാസങ്ങളില്‍ കിഴക്കുദിക്കിലേക്കും ആയിരിക്കും. (യഥാര്‍ത്ഥത്തില്‍ ശകവര്‍ഷത്തിലാണ്‌ ഈ ദിശമാറ്റം സൂചിപ്പിച്ചിരിക്കുന്നത്‌ എന്നതുകൊണ്ടാണ്‌ ഇംഗ്ലീഷ്‌ വര്‍ഷത്തിലെ ചില മാസങ്ങളില്‍ രണ്ടു ദിശ വരുന്നത്‌) വാസ്‌തു പുരുഷന്റെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം, കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. വാസ്‌തു പുരുഷന്റെ സ്ഥിരവും ഏറ്റവും പ്രധാനവുമായ സ്ഥാനമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌:ഇവിടെ കാലുകള്‍ തെക്കുപടിഞ്ഞാറും ഇടതുകൈ വടക്കുപടിഞ്ഞാറും ശിരസ്സ്‌ വടക്കുകിഴക്കും വലതുകൈ തെക്കുകിഴക്കുമാണ്‌. ഈ സ്ഥാനം സ്ഥിരമായതിനാല്‍ പാര്‍പ്പിടത്തിന്റെ നിര്‍മ്മാണവും അവയുടെ ഉറപ്പും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

പാര്‍പ്പിടത്തിന്റെ ആകൃതിയും വാസ്‌തുപുരുഷന്റെ സ്ഥാനവും ബന്ധപ്പെടുത്തി ജീവിതത്തില്‍ ക്ഷേമാീശ്വര്യങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സാധ്യതയുണ്ട്‌ എന്ന് ബ്രഹത്സംഹിത പറയുന്നു. ക്രമരഹിതമായ ആകൃതി ഒരു കെട്ടിടത്തിന്‌ പാടില്ല എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ഇതനുസരിച്ച്‌ വാസ്തുപുരുഷന്റെ തലഭാഗം വരുന്ന വടക്ക്‌ കിഴക്കുഭാഗത്തെ മൂലയും പാദം വരുന്ന തെക്കുപടിഞ്ഞാറുംഭാഗവും ഒഴിഞ്ഞുകിടക്കരുത്‌.(കോര്‍ണ്ണര്‍ കട്ടുചെയ്തുപോകരുത്‌)തെക്കുകിശ്ക്കും വടക്കുപടിഞ്ഞാറും ഭാഗത്തിനും ഈ നിയമം ബാധകമാണെങ്കിലും തലഭാഗത്തിനും പാദഭാഗത്തിനും കൂടുതല്‍ പ്രാദാന്യം എന്ന് വിദഗ്ദമതം.

ചിത്രമടക്കം കൂടുതല്‍ വിശദമായി എഴുതുന്നതാണ്‌.

*വാസ്തുസംബന്ധമായി എഴുതുന്ന കാര്യങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനോ മറ്റോ അല്ല. പലകാര്യങ്ങളും ഇന്നത്തെ ആധുനിക സംവിധാനങ്ങളുമായും നിര്‍മ്മാണരീതികളുമായും യോജിച്ച്‌ പോകുന്നവയും അല്ല.

ക്ഷേത്രങ്ങളും വാസ്തുപ്രകാരമുള്ള ഗൃഹനിര്‍മ്മാണവും.

ഹൈന്ദവ വിശ്വാസപ്രകാരം വിവിധ ദേവന്മാരും/ദേവതകളും അവര്‍ക്കൊക്കെ ക്ഷേത്രങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്‌.ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവര്‍ സ്വാഭാവികമായും ഗൃഹം നിര്‍മ്മിക്കുമ്പോളും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്‌. വാസ്തു ശാസ്ത്ര പ്രകാരം ഗൃഹം നിര്‍മ്മിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ ഏതു വശത്തു വരുന്നു എന്നതിനു വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്‌.ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ പൂജചെയ്യുന്ന ശാന്തിമാര്‍ എന്നിവര്‍ക്ക്‌ ക്ഷേത്രങ്ങളുടെ സമീപത്തും ദിഗ്‌ വ്യത്യാസമില്ലതെയും ഗൃഹം നിര്‍മ്മിക്കാം. എന്നാല്‍ സാധാരണക്കാര്‍ക്ക്ഷേത്രങ്ങളുടെ സമീപത്ത്‌ ഗ്രഹങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ക്ഷേത്രങ്ങളേക്കാള്‍ ഉയരത്തില്‍ ഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നത്‌ ശുഭമല്ല.ഉഗ്രമൂര്‍ത്തികളായ ഭദ്രകാളി,ചാത്തന്‍,നരസിംഹം,ശിവന്‍ തുടങ്ങിയ ഉഗ്രമൂത്തികളുടെ വലത്തുവശത്തും മുമ്പിലും വീടുപണിയുന്നത്‌ ശുഭമല്ല.വിഷ്ണു,അയ്യപ്പന്‍,സുബ്രമണ്യന്‍ തുടങ്ങിയ സൗമ്യമൂര്‍ത്തികളായ ദേവന്മാരുടെ വലത്തും മുമ്പിലും ഉത്തമവും ഇടത്തും പിന്നിലും അധമവും ആകുന്നു. ഇതില്‍ തന്നെ അയ്യപ്പന്റെ ക്ഷേത്രം വീടിനേക്കാള്‍ താഴ്‌ന്നാണിരിക്കുന്നെങ്കില്‍ അത്‌ ഉഗ്രമൂര്‍ത്തിയായിട്ടാണ്‌ കരുതപ്പെടുന്നത്‌.

പൂജാവിധികള്‍ മുടങ്ങിക്കിടക്കുന്ന സര്‍പ്പക്കാവ്‌,ഗുളികന്‍, യക്ഷി/ഗന്ധര്‍വ്വന്മാരെ കുടിയിരുത്തിയിട്ടുള്ള പാലകള്‍ ഉള്ള സ്ഥലം എന്നിവയും ഒഴിവാക്കുന്നതാണ്‌ നല്ലത്‌.വീടിനകത്തോ വീടിനോട്‌ ചേര്‍ന്നോ പൂജാമുറികള്‍/ക്ഷേത്രങ്ങള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കുക യഥാവിധി പൂജാവിധികളും ശുദ്ധിയും നടത്തുവാന്‍ കഴിയില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക്‌ മുതിരരുത്‌.


*അന്ധവിശ്വാസം പ്രചരിപ്പിക്കുവാനുള്ള ശ്രമമല്ല, കൂടാതെ ഇത്‌ വാസ്തു ശാസ്ത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

വാസ്തു-ആയാദി ഷഡ്‌ വര്‍ഗ്ഗങ്ങള്‍.

ഒരു കെട്ടിടത്തിണ്റ്റെ നിര്‍മ്മാണത്തില്‍ വാസ്തുശാസ്ത്രം പരിഗണിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്‌. ആയം,വ്യയം,ഋഷ,യോനി,വാരം,തിഥി എന്നിവയാണവ.

ആയം - വരവ്‌ അഥവാ ലാഭം (ആയം എല്ലായ്‌പ്പോഴും വ്യയത്തേക്കാള്‍ കൂടുതല്‍ ആയിരിക്കണം)
വ്യയം - ചിലവ്‌ അഥവാ നഷ്ടം
ഋഷ - നക്ഷത്രം
യോനി - ദിശ
വാരം - സൌരദിനം
തിഥി - ചാന്ദ്രദിനം

ഇവ കൂടാതെ മറ്റൊരു പ്രധാന സംഗതിയാണ്‌ വയസ്സ്‌. ബാല്യം കൌമാരം,യൌവ്വനം,വാര്‍ദ്ധക്യം,മരണം എന്നിങ്ങനെ വയസ്സിനെ അഞ്ചായി തിരിച്ച്ച്ചിരിക്കുന്നു.ഇതില്‍ യൌവ്വനം ഏറ്റവും ഉത്തമമായും മരണച്ചുറ്റ്‌ തീര്‍ത്തും ഒഴിവാക്കേണ്ടതായും നിഷ്ക്കര്‍ഷിച്ച്ച്ചിരിക്കുന്നു.
(ഇവയെകണക്കാക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ചാര്‍ട്ട്‌ കൊടുക്കുന്നതാണ്‌)

വാസ്തു-യോനി അഥവാ ദിശ.

വസ്തുശാസ്ത്രം ദിക്കുകളെ ൮ ആയി തിരിച്ച്ച്ചിരിക്കുന്നു. അവ യഥാക്രമം ധ്വജയോനി(ഏകയോനി),ധൂമയോനി,സിംഹം(ത്രിയോനി),കുക്കുരയോനി,
വ്ര്‍ഹ്ഷഭയോനി(പഞ്ചയോനി),ഖരയോനി,
ഗജയോനി(സപ്തയോനി),വായസയോനി എന്നിവയാണവ. ഇതില്‍ ധ്വജയോനി,സിംഹയോനി,വ്ര്‍ഹ്ഷഭയോനി,ഗജയോനി(ഒന്ന്,മൂന്ന്,അഞ്ച്‌,ഏഴ്‌) എന്നിവമാത്രമേ ഗ്ര്‍ഹഹനിര്‍മPublish്മാണത്തിനായി ഗണിക്കാറുള്ളൂ.കിഴക്ക്‌,തെക്ക്‌,പടിഞ്ഞാറ്‌,വടക്ക്‌ എന്നിവയാണ്‌ ഇവ. കോറ്‍ണറുകള്‍ക്ക്‌ അഭിമുഖമായി വരുന്ന ധൂമം,കുക്കുരം,ഖരം,വായസം എന്നീ യോനികള്‍ വര്‍ജ്ജ്യമാണ്‌.

നടുമുറ്റത്തെ അല്ലെങ്കില്‍ അങ്കണത്തെ അഭിമുഖീകരിക്കുന്ന രീതിയില്‍ ചതുശ്ശാല എന്ന സങ്കല്‍പ്പത്തിലാണ്‌ വാസ്തുശാസ്ത്രം വിവിധദിക്കുകള്‍ക്ക്‌ അഭിമുഖമായിവരുന്ന കെട്ടിടങ്ങളെ തിരിച്ച്ച്ചിരിക്കുന്നത്‌.അവ യഥാക്രമം കിഴക്കിനി,തെക്കിനി,പടിഞ്ഞറ്റി,വടക്കിനി എന്നിവയാണ്‌.യോനികളെ ധ്വജ(കിഴക്കിനി),ക്ഷത്രിയ(തെക്കിനി), ശൂദ്രന്‍(പടിഞ്ഞറ്റിനി), വൈശ്യന്‍(വടക്കിനി) എന്നിങ്ങനെ തിരിച്ച്ച്ചിരുന്നത്‌ അക്കാലത്ത്‌ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ സങ്കല്‍പ്പം വാസ്തുവിലും പ്രതിഫലിച്ച്ച്ചിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്‌.

ഏറ്റവും ഉത്തമമായി കണക്കാക്കുന്ന ധ്വജയോനിയെ മറ്റെല്ലാവര്‍ക്കും സ്വീകാര്യവും എന്നാല്‍ പഞ്ചയോനി അഥവാ വ്ര്‍ഹ്ഷഭയോനി പടിഞ്ഞാറ്റിക്ക്‌ മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂ എന്നും നിഷ്കര്‍ഷിച്ച്ച്ചിരിക്കുന്നു.

ദിക്കുകളെ കണക്കാക്കാന്‍;
പ്രഭാതത്തില്‍ സൂര്യനഭിമുഖമായി നില്‍ക്കുന്ന ഒരാളുടെ മുഖം കിഴക്കോട്ടും ഇടതുവശം വടക്കും വലതുവശം തെക്കും പിന്‍ഭാഗം പടിഞ്ഞാറും ആയിരിക്കും.
ഇതുകൂടാതെ വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്താലും കണ്ടുപിടിക്കാം.

വസ്തുവിനെ നാലായിതിരിച്ച്‌ അതില്‍ വടക്കുകിഴക്ക്‌ ഖണ്ഡത്തിലോ തെക്കുപടിഞ്ഞാറ്‌ ഖണ്ഡത്തിലോ ആണ്‌ വീടു വെക്കേണ്ടത്‌

വാസ്തു- ഉത്തമമായ ഭൂമി.

ഗൃഹനിര്‍മ്മാണത്തിനായി ഭൂമിതിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെകുറിച്ച്‌ വാസ്തുശാസ്ത്രം വിശദമാക്കിയിട്ടുണ്ട്‌.

വൃത്താകൃതിയില്‍ ഉള്ളതോ ഒത്തിരിമൂലകള്‍ അല്ലെങ്കില്‍ ധാരാളം വളവും തിരിവും ഉള്ളതോ മത്സ്യം ആമ ആന എന്നിവയുടെ പുറംഭഗം പോലെ ഇരിക്കുന്നതും ആയ ഭൂമി ഒഴിവാക്കണം എന്നും ചതുരം ദീര്‍ഘചതുരം എന്നിവയാണ്‌ ഗൃഹനിര്‍മ്മാണത്തിനു പറ്റിയതെന്നും ഇതില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ഭൂമി ലഭിക്കുക താരതമ്യേന പ്രയാസമാണ്‌. അങ്ങിനെ വരുമ്പോള്‍ വസ്തുവില്‍ തന്നെ വീടിനു ചുറ്റും മേല്‍പ്പറഞ്ഞ ആകൃതി വരത്തക്ക വിധത്തില്‍ മറ്റൊരു അതിര്‍ത്തി ഇടുകയാണ്‌ പതിവ്‌. ഇതിനായി ചെടികളെ ഉപയോഗിച്ചാല്‍ വീടിന്റെ പരിസരം മനോഹരമാക്കാവുന്നതാണ്‌.

കന്നിമൂല അധവാ തെക്കുപടിഞ്ഞാറുമൂല ഉയര്‍ന്നും വടക്കു കിഴക്ക്‌ ഭാഗം താഴ്‌ന്നും ഇരിക്കുന്ന ഭൂമി ഉത്തമമാണ്‌. ഇതു കണ്ടുപിടിക്കുവാന്‍ വാട്ടര്‍ ലെവല്‍ വെച്ച്‌ പരിശോധിക്കാവുന്നതാണ്‌. ജലത്തിന്റെ ഒഴുക്ക്‌ നോക്കിയും നിശ്ചയിക്കാം.ഇതിനു വിപരീതമായാണ്‌ ഭൂമിയുടെ കിടപ്പെങ്കില്‍ അവിടെ മണ്ണിട്ട്‌ ഉയത്തിയാല്‍ മതിയെന്നും പറയപ്പെടുന്നു.

ഉറപ്പുള്ളതും, കുന്നും കുഴിയും പാറകളും ഇല്ലാത്തതും, ചെടികളും വിത്തുകളും മറ്റും അനായാസം മുളക്കുന്നതും ധാരാളം നീരൊഴുക്കുള്ളതുമായത്‌ ഉത്തമവും. കുഴിക്കുമ്പോള്‍ അസ്ഥി,കരി,എന്നിവയുള്ളതും ദുര്‍ഗ്ഗന്ധം,ഭൂമിക്കടിയില്‍ ഗുഹകള്‍,പുറ്റ്‌,എന്നിവയുള്ളതും വര്‍ജ്ജ്യവുമാണ്‌

ഭൂമിയുടെ ഉറപ്പ്‌ പരിശോധിക്കുവാന്‍ സമ ചതുരാകൃതിയില്‍ ഒരു കുഴിയെടുക്കുക. എന്നിട്ട്‌ 24 മണിക്കൂറിനു ശേഷം ആ മണ്ണ്‍ അതേ കുഴിയില്‍ തിരികെയിടുക. മണ്ണ്‍ ഭാക്കിവരുന്നെങ്കില്‍ അത്‌ ഉത്തമവും.സമനിരപ്പാണെങ്കില്‍ അത്‌ മധ്യമവും ആകുന്നു. മണ്ണ്‍ നിറച്ചിട്ടും കുഴി മൂടാന്‍ കഴിയുന്നില്ലെങ്കില്‍ ആ സ്ഥലം ഗൃഹനിര്‍മ്മാണത്തിന്‌ ഉപയോഗിക്കില്ല.

മറ്റൊന്ന് ഇതുപോലുള്ള കുഴിയില്‍ ഒരു എണ്ണയൊഴിച്ച്‌ തിരിയിട്ട്‌ കത്തിച്ച ഒരു വിളക്ക്‌ ഇറക്കിവെക്കുക. എണ്ണ തീരുന്നതിനു മുമ്പെ വളരെപെട്ടെന്ന് ആ വിളക്ക്‌ അണയുകയാണെങ്കില്‍ (കറ്റുകൊണ്ടല്ലാതെ) ആ ഭൂമിയും വര്‍ജ്ജ്യമാണ്‌.

ഇതുകൂടാതെ വയലുകള്‍, ചതുപ്പുനിലങ്ങള്‍,സ്മശാനം,കാവുകള്‍ എന്നിവയിലും ആശ്രമം,ക്ഷേത്രങ്ങള്‍ എന്നിവയുടെ പരിസരങ്ങളിലും ഗൃഹനിര്‍മ്മാണം വര്‍ജ്ജ്യമത്രെ.